"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്‍ആന്‍)

മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു

adarsha viplavam

 

ദേശീയതയുടെ വികാരങ്ങളിളക്കിവിട്ട്‌ അറബികളെ തന്നിലേക്ക്‌ ആകര്‍ഷിച്ചടുപ്പിച്ചു അവരുടെ നേതൃത്വവും നായകത്വവും പിടിച്ചുപറ്റി ആധിപത്യം അരക്കിട്ടുറപ്പിച്ച ശേഷമാകാമായിരുന്നു തൗഹീദിന്റെ പ്രബോധനവും സംസ്ഥാപനവും. എങ്കില്‍ അധികാര ശക്തിയുപയോഗിച്ച്‌ ആദര്‍ശ പ്രബോധനം അനായാസകരമായി നിര്‍വ്വഹിക്കാമായിരുന്നു. തന്റെ ജനതയെ അല്‌പകാലം മനുഷ്യാധിപത്യത്തിലേക്ക്‌ നയിക്കുകയായിരുന്നില്ലേ കൂടുതല്‍ എളുപ്പം?
പക്ഷേ, പരിശുദ്ധനും സര്‍വ്വസ്ഥനും യുക്തിമാനുമായ അല്ലാഹു, അവന്റെ പ്രവാചകനെ ആവഴിക്കല്ലനയിച്ചത്‌.

ശഹിദ്‌  സയ്യിദ്‌  ഖുതുബ്‌ ആദര്‍ശവിപ്ലവം

 

shaheed sayyid quthub ► adarsha viplavam

      മക്കയില്‍ പതിമൂന്നു വര്‍ഷക്കാലം വിശുദ്ധ ഖുര്‍ആന്‍ നബി(സ)ക്ക്‌ അവതരിച്ചുകൊണ്ടിരുന്നു. ഒരേ പ്രശ്‌നത്തെ സംബന്ധിച്ചാണ്‌ അന്നെല്ലാം അത്‌ സംസാരിച്ചത്‌. പ്രതിപാദ്യ വിഷയത്തില്‍ യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. എങ്കിലും അവതരണരീതി നൂതനവും പ്രതിപാദന ശൈലി വ്യത്യസ്ഥവുമായിരുന്നു. പ്രഥമവും അടിസ്ഥാനപരവുമായ ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെക്കുറിച്ചായിരുന്നു അക്കാലമത്രയും ഖുര്‍ആന്‍ ചര്‍ച്ചചെയ്‌തിരുന്നത്‌. ദിവ്യത്വവും ഇവരണ്ടും തമ്മിലുള്ള ബന്ധവും നിശ്ചയിക്കപ്പെടുന്നത്‌ അതിന്റെ അടിസ്ഥാനത്തിലാണ്‌!

ഈ പ്രശ്‌നത്തെക്കുറിച്ചാണ്‌ ഖുര്‍ആന്‍ മനുഷ്യനോട്‌ സംസാരിക്കുന്നത്‌. ഇത്‌ എല്ലാ മനുഷ്യരുടെയും പ്രശ്‌നമാണ്‌. ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ആദര്‍ശത്തെ സംബന്ധിച്ച ഖുര്‍ആന്റെ അദ്ധ്യാപനങ്ങള്‍ സാര്‍വ്വലൗകികവും ശാശ്വതവുമാണ്‌. ഈ മാനുഷിക പ്രശ്‌നത്തിന്‌ മാറ്റമില്ല. കാരണം ഭൂമിയിലെ മനുഷ്യന്റെ ആരംഭത്തെയും പരിണാമത്തെയും സംബന്ധിച്ചുള്ള ചര്‍ച്ചയാണത്‌. താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തോടും അതിന്റെ സ്രഷ്ടാവിനോടും സൃഷ്ടികളായ മാനവര്‍ക്കുള്ള ബന്ധത്തെയും ബാദ്ധ്യതകളെയും കുറിച്ചാണ്‌ അതിലെ അദ്ധ്യാപനങ്ങള്‍ അവയിലാകട്ടെ എല്ലാ കാലത്തുമുള്ള മുഴുവന്‍ മനുഷ്യരും തുല്യരാണ്‌.
ഖുര്‍ആന്‍ മനുഷ്യന്‌ തന്റെയും തന്റെ ചുറ്റുമുള്ള ലോകത്തിന്റെയും രഹസ്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. മനുഷ്യന്‍ ആരാണ്‌ ? എവിടെ നിന്ന്‌ വന്നു ? എന്തിനു വന്നു ? ഈ യാത്ര എവിടേക്കാണ്‌ ? ശൂന്യതയില്‍ നിന്നും അവന്‌ സൃഷ്ടിച്ചതാര്‌ ? മരുപ്പിക്കുന്നതാര്‌ ? മടക്കം എവിടേക്കാണ്‌ ? മുന്നില്‍ കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ നിലയെന്ത്‌ ?
അതിന്റെ പിന്നില്‍ അദൃശ്യമായ വല്ലതുമുണ്ടോ ? രഹസ്യം നിറഞ്ഞ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതാര്‍? നിയന്ത്രിക്കുന്നതാര്‍ ? അതില്‍ ദിനേന ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതുമകളും മാറ്റങ്ങളും വരുത്തുന്നതാര്‍ ? ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഖുര്‍ആന്‍ ശരിയായ മറുപടി നല്‍കുന്നുണ്ട്‌.മാത്രമല്ല, സമസൃഷ്ടികളോടും പ്രപഞ്ചത്തോടും പ്രപഞ്ചനാഥനോടുമെല്ലാം എങ്ങിനെ പെരുമാറണമെന്നും ബന്ധം സ്ഥാപിക്കേണമെന്നും അത്‌ പഠിപ്പിക്കുകയും ചെയ്യുന്നു.
ഇന്നേവരെ മനുഷ്യന്റെ അസ്ഥിത്വത്തിന്ന്‌ അടിസ്ഥാനപരമായി വര്‍ത്തിച്ചിട്ടുള്ളത്‌ ആദര്‍ശമാണ്‌. തുടര്‍ന്നുള്ള കാലങ്ങളിലും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ ആദര്‍ശം തന്നെയായിരിക്കും. ഇക്കാരണത്താല്‍ തന്നെയാണ്‌ ഖുര്‍ആന്‍ നീണ്ട പതിമൂന്നു വര്‍ഷം ഈ പ്രശ്‌നം പഠിപ്പിക്കാനായി മാത്രം വിനിയോഗിച്ചത്‌. യഥാര്‍ത്ഥത്തില്‍ ഇതല്ലാതെ തന്നെ അവ ഈ പ്രശ്‌നത്തിന്റെ ഭിന്നവശങ്ങള്‍ മാത്രമാണ്‌.
അടിസ്ഥാനപരമായ ഈ ആദര്‍ശം വിശദമായി വിവരിച്ച ശേഷം മാത്രമേ ഖുര്‍ആന്‍ തദടിസ്ഥാനത്തിലുള്ള ജീവിത പദ്ധതിയുടെ മറ്റുവശങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തിട്ടുള്ള. സമുദായത്തില്‍ ധിഷണപരമായ പ്രബുദ്ധതയുള്ളവരുടെ ഹൃദയാന്തരാളങ്ങളില്‍ അപ്പോഴേക്കും അത്‌ വേരൂന്നുക്കഴിഞ്ഞിരുന്നു. അവര്‍ മുഖേന ഈ ദീന്‍ നിലനില്‍ക്കേണമെന്നും ഈ പ്രത്യശാസ്‌ത്രത്തിന്റെ പ്രായോഗിക മാതൃക ഉയിരെടുക്കേണെന്നുമാണ്‌ അല്ലാഹു നിശ്ചയിച്ചത്‌.
സംഭവലോകത്ത്‌ ഇസ്‌ ലാമിക പ്രത്യയശാസ്‌ത്രത്തിന്ന്‌ പ്രായോഗിക മാതൃക സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരും
ദിവ്യദീനിന്റെ പ്രബോധകന്മാരും ഈ യാഥാര്‍ത്ഥ്യം ശരിക്കും ഗ്രഹിക്കേണ്ടതുണ്ട്‌. ഇത്‌ വിശ്വാസാദര്‍ശം ജനഹൃദയങ്ങളില്‍ രൂഢ മൂലമാക്കാനാണ്‌ ഖുര്‍ആന്‍ നീണ്ട പതിമൂന്നുവര്‍ഷം വിനിയോഗിച്ചത്‌. ആ മൗലിക തത്വങ്ങളുടെ വസ്‌തുനിഷ്‌ഠമായ പഠനത്തിനു ശേഷമല്ലാതെ വിശദാംശങ്ങളിലേക്ക്‌ കടന്നുചെല്ലേണ്ടതില്ല. കാരണം ഇസ്‌ലാമിക സമൂഹത്തിന്റെ നിയമവ്യവസ്ഥ ആദര്‍ശാധിഷ്‌ഠിതമാണ്‌. അതുകൊണ്ടാണ്‌ പ്രവാചകത്വത്തിന്റെ പ്രാരംഭ ദിവസംമുതല്‍ക്കുതന്നെ ഖുര്‍ആന്‍ വിശ്വാസത്തിന്റെ പ്രശ്‌നം പ്രബോധനം ചെയ്‌തുതുടങ്ങിയത്‌.
നബി(സ) ആദ്യം ചെയ്‌തത്‌ ജനങ്ങളെ ലാഇലാഹ ഇല്ലല്ലാഹു(അല്ലാഹു ഒഴികെ മറ്റൊരാരാധ്യനുമില്ല) എന്ന ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുകയാണ്‌. ജനങ്ങള്‍ക്ക്‌ യഥാര്‍ത്ഥ നാഥനെ പരിചയപ്പെടുത്തിക്കൊടുത്തു. അവനുമാത്രം കീഴ്‌പെടേണമെന്ന്‌ അവരോട്‌ ആജ്ഞാപച്ചു. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അടിമവേല ചെയ്യരുതെന്നും അവരെ പഠിപ്പിച്ചു '' ലാഇലാഹ ഇല്ലല്ലാഹു'' എന്ന അതിമഹത്തായ സന്ദേശത്തിന്റെ ബാഹ്യവും ആന്തരികവും സൂക്ഷ്‌മവുമായ വിവക്ഷകള്‍ അറബികള്‍ക്കജ്ഞാതമായിരുന്നില്ല. ഇലാഹി '' ന്റെ അര്‍ത്ഥം അവര്‍ക്കറിയാമായിരുന്നു.ഉലൂഹിയ്യത്ത്‌ എന്നാല്‍ സര്‍വ്വോന്നതമായ പരമാധികാരമാണ്‌. അപ്പോള്‍ ' ലാഇലാഹ ഇല്ലല്ലാഹു ' വിന്റെ അര്‍ത്ഥം അല്ലാഹുവിനെ മാത്രം പരമാധികാരിയായി സ്വീകരിക്കുകയെന്നതാണ്‌. ഗോത്രനായകന്മാരും നാട്ടുപ്രമാണികളും ജോത്സ്യന്മാരും പുരോഹിതന്മാരും കയ്യടക്കിവെച്ച അധികാരാവകാശങ്ങള്‍ അവരില്‍ നിന്ന്‌ തിരിച്ചുവാങ്ങി അല്ലാഹുവിലര്‍പ്പിക്കുന്ന ആദര്‍ശമാണ്‌ തൗഹീദെന്ന ബോധവും നബിയുടെ കാലത്തെ അറബികള്‍ക്കുണ്ടായിരുന്നു. വിചാര വികാരങ്ങളുടെയും ആത്മാവിന്റെയും ശരീരത്തിന്റെയും സമ്പത്തിന്റെയും എല്ലാം സാക്ഷാല്‍ ഉടമസ്ഥന്‍ അവയുടെ സൃഷ്ടാവായ അല്ലാഹുവാണ്‌. ദൈവത്തിന്റെ പ്രത്യേകാവകാശാധികാരങ്ങളില്‍ അതിക്രമിച്ചു കടന്ന്‌ ആധിപത്യം സ്ഥാപിച്ച കൃത്രിമ നേതൃത്വത്തിനെതിരിലുള്ള അതിശക്തമായ വിപ്ലവാഹ്വാനമാണ്‌ ലാഇലാഹ ഇല്ലല്ലാഹു. അസത്യത്തിന്റെയും അക്രമത്തിന്റെയും അധികാര ശക്തികള്‍ക്കെതിരിലുള്ള സന്ധിയില്ലാ സമരത്തിന്റെ മുദ്രവാക്യമാണത്‌. സര്‍വ്വോപരി അത്‌ ദൈവേതര പ്രത്യയാശാസ്‌ത്രങ്ങളുടെ നീരാളിപിടുത്തത്തില്‍ നിന്നു മനുഷ്യന്ന്‌ പൂര്‍ണ്ണമായി സ്വാതന്ത്ര്യം നേടാനുളള്ള ഒരേയൊരു മോചന സൂത്രവുമാണത്‌. '' ലാ ഇലാഹ ഇല്ലല്ലാഹു '' വിന്റെ ഈ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച്‌ അറബികള്‍ ശരിക്കും ബോധവാന്മാരായിരുന്നു. ഈ വിപ്ലവ പ്രസ്ഥാനം തങ്ങളുടെ ആധിപത്യത്തെയും നേതൃത്വത്തെയും സ്ഥാനമാനങ്ങളെയും പ്രതികൂലമായാണ്‌ ബാധിക്കുകയെന്ന്‌ നന്നായി അറിയാമായിരുന്നതുകൊണ്ടാണ്‌ ഇസ്‌ലാമിക മുന്നേറ്റത്തെ അവര്‍ തടഞ്ഞത്‌. ''ലാഇലാഹ ഇല്ലല്ല'' യെ എതിര്‍ക്കുവാനും അതിനെതിരില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുവാനും അവരെ പ്രേരിപ്പിച്ചത്‌ ഈ ബോധമായിരുന്നു.
എന്തുകൊണ്ട്‌ ഇസ്‌ ലാമിക പ്രബോധനം ഇവിടെ നിന്ന്‌ തന്നെ ആരംഭിച്ചു?. ഇത്രയേറെ പരീക്ഷണങ്ങളും ത്യാഗങ്ങളും അതഭീമുഖീകരിക്കണമെന്ന്‌ അല്ലാഹു നിശ്ചയിച്ചത്‌ എന്തുകൊണ്ട്‌?
നബി(സ) സത്യപ്രബോധനവുമായി രംഗത്തു വന്നപ്പോള്‍ അറേബ്യയിലെ ക്ഷേമസമ്പൂര്‍ണ്ണങ്ങളായ പ്രദേശങ്ങളെല്ലാം അന്യരുടെ അധീനതയിലായിരുന്നു. വടക്കുഭാഗത്ത്‌ സിറിയന്‍ പ്രദേശങ്ങള്‍ റോമക്കാരുടെ കീഴിലായിരുന്നു. അവര്‍ നിശ്ചയിക്കുന്ന അറബികളായിരുന്നു അവിടം ഭരിച്ചിരുന്നത്‌. അറബികളുടെ അധീനത്തില്‍ ഹിജാസും നജ്‌ദും
തിഹാമയും കുറെ വരണ്ടുണങ്ങിയ മരുഭൂമികളും മാത്രമേ ഉണ്ടായിരുന്നുള്ളു.
പരസ്‌പരം കലഹിച്ചും തമ്മില്‍തല്ലിയും തകര്‍ന്നുകൊണ്ടിരുന്ന അറേബ്യന്‍ ഗോത്രങ്ങളെ അറബ്‌ ദേശീയതയുടെ പേരില്‍ ഒന്നിച്ചണിനിരത്താന്‍ നബി(സ)ക്ക്‌ കഴിയുമായിരുന്നു. ദേശീയത്വത്തിന്റെ ശക്തങ്ങളായ വികാരങ്ങളിളക്കിവിട്ട്‌ തെക്ക്‌ പേര്‍ഷ്യക്കാരുടെയും വടക്ക്‌ റോമക്കാരുടെയും സാമ്രാജ്യത്വമേല്‍ക്കോയ്‌മയേയും അറേബ്യന്‍ മണ്ണില്‍നിന്ന്‌ തുടച്ചുനീക്കാന്‍വേണ്ടി ശ്രമിക്കാനും അദ്ദേഹത്തിന്‌ സാധിക്കുമായിരുന്നു. അങ്ങിനെ അറബികളുടെയും അറബ്‌ ദേശീയത്വത്തിന്റെയും പതാക ഉയര്‍ത്തിക്കെട്ടാനും ഉപദീപില്‍ ദേശീയ ഐക്യം സ്ഥാപിക്കാനും നബി(സ)ക്ക്‌ പ്രയാസമുണ്ടാകുമായിരുന്നില്ല. കാരണം മുഹമ്മദ്‌ നബി(സ) അറിയപ്പെട്ട വിശ്വസ്ഥനും സത്യസന്ധനുമായിരുന്നു. ഹജറുല്‍ അസ്‌വദ്‌ യഥാസ്ഥാനത്തു പുന:പ്രതിഷ്‌ഠിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വമാണ്‌ ഖുറൈശി പ്രമാണികള്‍ സ്വീകരിച്ചത്‌. അങ്ങിനെ പ്രവാചകത്വ ലബ്ദിയുടെ പതിനഞ്ചുവര്‍ഷം മുമ്പ്‌തന്നെ നബി(സ) അവര്‍ക്കിടയില്‍ സ്വീകര്യനായ ഒരു വിധികര്‍ത്താവായിക്കഴിഞ്ഞിരുന്നു. മാത്രമല്ല ഖുറൈശികളിലെ ഏറ്റവും ഉയര്‍ന്ന ഹാശിം ഗോത്രത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌.വിവിധ കാരണങ്ങളാല്‍ പ്രവാചകത്വത്തിന്‌ മുമ്പുതന്നെ മുഹമ്മദുനബിക്ക്‌ അറബികളില്‍ അനല്‌പമായ സ്വാധീനമുണ്ടായിരുന്നു.അതുകൊണ്ട്‌ അദ്ദേഹം അറബ്‌ ദേശീയതയിലേക്കാണ്‌ അവരെ ക്ഷണിച്ചിരുന്നതെങ്കില്‍ അവരദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വാഗതംചെയ്യാന്‍ മടിക്കുമായിരുന്നില്ല. നീണ്ടപതിമൂന്നുവര്‍ഷം അധികാരിവര്‍ഗ്ഗത്തിന്റെ ക്രൂരമര്‍ദ്ധനങ്ങള്‍ അദ്ദേഹത്തിന്‌ സഹിക്കേണ്ടിവരികയുമില്ലായിരുന്നു.
ദേശീയതയുടെ വികാരങ്ങളിളക്കിവിട്ട്‌ അറബികളെ തന്നിലേക്ക്‌ ആകര്‍ഷിച്ചടുപ്പിച്ചു അവരുടെനേതൃത്വവും നായകത്വവും പിടിച്ചുപറ്റി ആധിപത്യംഅരക്കിട്ടുറപ്പിച്ചശേഷമാകാമായിരുന്നു തൗഹീദിന്റെ പ്രബോധനവും സംസ്ഥാപനവും. എങ്കില്‍ അധികാര ശക്തിയുപയോഗിച്ച്‌ ആദര്‍ശ പ്രബോധനം അനായാസകരമായി നിര്‍വ്വഹിക്കാമായിരുന്നു. തന്റെ ജനതയെ അല്‌പകാലം മനുഷ്യാധിപത്യത്തിലേക്ക്‌ നയിക്കുകയായിരുന്നില്ലേ കൂടുതല്‍ എളുപ്പം?
പക്ഷേ, പരിശുദ്ധനും സര്‍വ്വസ്ഥനും യുക്തിമാനുമായ അല്ലാഹു, അവന്റെ പ്രവാചകനം ആവഴിക്കല്ലനയിച്ചത്‌. ലാഇലാഹഇല്ലല്ലാഹ്‌ എന്ന്‌ പ്രഖ്യാപിക്കാനാണ്‌ ദൈവദൂതന്‍ ആജ്ഞാപിക്കപ്പെട്ടത്‌. തുടര്‍ന്ന്‌ പരീക്ഷണപൂര്‍ണ്ണവും ത്യാഗനിര്‍ഭരവുമായ മാര്‍ഗ്ഗത്തിലൂടെയാണ്‌ അദ്ദേഹവും അനുയായികളും സഞ്ചരിക്കേണ്ടതെന്നും അല്ലാഹു തീരുമാനിച്ചു.
എന്തുകൊണ്ട്‌ ? ചിന്താര്‍ഹമായ ഒരു പ്രശ്‌നമാണിത്‌. നിസ്സംശയം! നബിയെയും അനുയായികളെയും യാതനകള്‍ക്ക്‌ വിധേയരാക്കലായിരുന്നില്ല അതിന്റെ ലക്ഷ്യം. റോമ പേര്‍ഷ്യന്‍ താഗൂത്തുകളില്‍ നിന്ന്‌ അറേബ്യന്‍ താഗൂത്തുകളിലേക്കുള്ള അധികാര കൈമാറ്റമായിരുന്നില്ല അല്ലാഹു ഉദ്ദേശിച്ചത്‌. ദൈവേതരശക്തികള്‍ എല്ലാം സമമാണ്‌. അറേബ്യനായാലും പേര്‍ഷ്യനായാലും റോമനായാലും താഗൂത്തുകള്‍ താഗൂത്തുകള്‍തന്നെ.

ഭൂമി ദൈവത്തിന്റേതാണ്‌ ! അത്‌ അവന്റേത്‌ മാത്രമായിരിക്കുകയും വേണം ! ഭൂമിയുടെ ആധിപത്യം അല്ലാഹുവിലര്‍പ്പിതമാകേണമെങ്കില്‍ '' ലാഇലാഹഇല്ലല്ല'' യുടെ പതാക ഉയരുകതന്നെവേണം!. തൗഹീദ്‌ അതിന്റെ സാക്ഷാല്‍ വിവക്ഷകളോടെ നടപ്പാക്കപ്പെടുമ്പോള്‍ ആധിപത്യം അതിന്റെ അര്‍ഹമായ കേന്ദ്രത്തിലെത്തിച്ചേരും. അപ്പോള്‍ ആര്‍ക്കും ആരുടെ മേലും ആധിപത്യമുണ്ടായിരിക്കില്ല. എല്ലാവരും സമന്മാരായിരിക്കും. ജീവിതവ്യവസ്ഥിതി മനുഷ്യനിര്‍മ്മിതമായിരിക്കില്ല. ദൈവീകമായിരിക്കും . ഇസ്‌ലാമിക ദര്‍ശനത്തില്‍ ആധിപത്യം മുഴുവന്‍ അല്ലാഹുവിനായിരിക്കും. മനുഷ്യര്‍ അവന്റെ അടിമകളും! അവരെല്ലാവരും ദൈവതര ശക്തികളില്‍നിന്നും സ്വതന്ത്രരുമായിരിക്കും! സമന്മാരും! അറബിയും റോമക്കാരനും പേര്‍ഷ്യക്കാരനും എല്ലാം തുല്യരാണ്‌. വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വ്യത്യാസവുമില്ല. വിഭജനം ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും!
 സാമൂഹിക വ്യവസ്ഥിതി തകിടം മറിയുകയും സാമ്പികരംഗംചൂഷണവിധേയമാവുകയും ചെയ്‌ത ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ ഇസ്‌ ലാമിക പ്രത്യയ ശാസ്‌ത്രത്തിന്റെ പ്രബോധകനായി പ്രവാചകന്‍ രംഗത്ത്‌ വന്നത്‌. വളരെ ചെറിയ ഒരു ന്യൂനപക്ഷമായിരുന്നു അക്കാലത്ത്‌ മുഴുവന്‍ സമ്പത്തും കയ്യടക്കി വെച്ചിരുന്നത്‌. ധനികവിഭാഗത്തിന്റെ ചൂഷണോപാധിയായ പളിശ ആ സമ്പല്‍വ്യവസ്ഥിതിയെ മുച്ചൂടും ഗ്രസിച്ചു കഴിഞ്ഞിരുന്നു. ബഹുഭൂരിപക്ഷത്തിന്റെയും സമ്പാദ്യം അസഹനീയമായ വിശപ്പും അതികഠിനമായ ദാഹവും മാത്രമായിരുന്നു . അവരെല്ലാം നിത്യദാരിദ്ര്യത്തിന്റെ നീര്‍ചുഴിയില്‍പെട്ട്‌ നട്ടം തിരിയുകയായിരുന്നു. സ്ഥാനമാനാദികളും ശ്രേഷ്ടതകളുമെല്ലാം പണക്കാര്‍ക്കുമാത്രമായിരുന്നു. പാവങ്ങള്‍ക്ക്‌ അവയെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ധനികവിഭാഗത്തിനെതിരിലൊരു സമരം നയിച്ച്‌ സാമൂഹ്യനീതിയുടെ സംസ്ഥാപനാര്‍ത്ഥം രംഗത്തിറങ്ങാന്‍ നബി(സ)ക്ക്‌ കഴിയുമായിരുന്നു. അന്യായമായി സ്ഥാപിച്ച ആധിപത്യം ആവസാനിപ്പിച്ച്‌ പണക്കാരില്‍ നിന്നും പണം പിടിച്ചെടുത്ത്‌ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനുള്ള സന്ദേശമാണമ്‌ പ്രവാചകന്‍ പ്രബോധനം ചെയ്‌തിരുന്നതെങ്കില്‍ അറബികളില്‍ ബഹുഭൂരിപക്ഷവും നബിയുടെകൂടെ നിലയുറപ്പിക്കുമായിരുന്നു. വളരെ ചുരുക്കം ആളുകളെ മാത്രം ആവാഹിച്ചെടുത്തിരുന്ന ''ലാഇലാഹ ഇല്ലല്ല '' ക്കെതിരില്‍ കൂട്ടായ സമരത്തിനു ആരും മുതിരുമായിരുന്നില്ല.
ഇങ്ങനെ സാമ്പത്തികവിപ്ലവത്‌ിന്റെ മുദ്രവാക്യംമുഴക്കി ബഹുജനങ്ങളെ തന്റെപിന്നിലണിമിരത്തിയശേഷം അവരെയെല്ലാം അനായാസംഅല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക്‌നയിക്കാന്‍ നബി(സ)ക്ക്‌സാധിക്കുമായിരുന്നു!.
അങ്ങിനെ തന്റെ പദവിയും കഴിവും ദൈവാധിപത്യത്തിന്റെ സംസ്ഥാപനത്തിനുപയോഗപ്പെടുത്താനും അദ്ദേഹത്തിന്‌ നിഷ്‌പ്രയാസം കഴിയുമായിരുന്നു. ആദ്യം ജനത്തിനടിമവൃത്തിചെയ്യിച്ച്‌ പിന്നീടവരെ അല്ലാഹുവിന്റെ അടിമത്വത്തിലേക്ക്‌ നയിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, സര്‍വ്വസ്ഥനും സര്‍വ്വാധിപതിയുമായ അല്ലാഹു ഈ മാര്‍ഗ്ഗങ്ങളോന്നുംതന്നെ അവലംബിച്ചില്ല.കാരണം സാക്ഷാല്‍സരണി അതല്ലെന്ന്‌ അവനറിയാം. പരിപൂര്‍ണ്ണമായ ഒരു വിശ്വാസപ്രമാണത്തില്‍നിന്ന്‌ മാത്രമേ സമുല്‍കൃഷ്ടമായ സമൂഹ്യനീതി ജന്മമെടുക്കുകയുള്ളു.
അധികാരം മുഴുവന്‍ അല്ലാഹുവിലര്‍പ്പിക്കുക! അവന്റെ അഭീഷ്ടങ്ങള്‍ക്കനുസൃതമായി സമ്പദ്‌ഘടനയെ രൂപപ്പെടുത്തുക! സമസൃഷ്ടിസ്‌നേഹം വളര്‍ത്തിയെടുത്ത്‌ സാമൂഹ്യബോധം അങ്കുരിപ്പിക്കുക! ധനം കോടുക്കുന്നവിനിലും വാങ്ങുന്നവനിലും ഇതെല്ലാംദൈവകല്‍പ്പന നടപ്പാക്കുകയാണെന്ന ചിന്തവളര്‍ത്തിയെടുക്കുക; തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഐഹികവുംപാരത്രികവുമായ ഗുണം കാംക്ഷിക്കുക; ഇതെല്ലാമാണ്‌ ഇസ്‌ലാമിന്റെമാര്‍ഗ്ഗം! അപ്പോള്‍ മനുഷ്യമനസ്സില്‍ അത്യാഗ്രഹമോ, കോപമോ,പകയോ ഉണ്ടാവുകയില്ല. വാളുംവടിയും കഠാരിയുംകുന്തവുമായിരിക്കില്ല കാര്യങ്ങള്‍നിശ്ചയിക്കുക. പ്രകോപനങ്ങളോ പ്രലോഭനങ്ങളോ പ്രീണനങ്ങളോ പീഢനങ്ങളോ ആയിരിക്കില്ല നിയമം നടപ്പാക്കുക. സമര സംഘട്ടന പീഢനങ്ങള്‍ക്ക്‌ പകരം സ്‌നേഹവും സഹോദര്യവും സൗഹാര്‍ദ്ദവുമായിരിക്കും സാമൂഹ്യനീതിയുടെ സംസ്ഥാപനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുക! അതെ, ദൈേവതരവ്യവസ്ഥിതികളില്‍ കാണപ്പെടുന്നതുപോലെ ഇസ്‌ലാമില്‍ മനുഷ്യമനസ്സുകള്‍ മലീമസമാക്കപ്പെടുകയോ ആത്മാക്കള്‍ അസ്വതന്ത്രങ്ങളാവുകയോ ചെയ്യുകയില്ല.
അറേബ്യന്‍ ഉപദ്വീപിലെ സംസ്‌കാരിക നിലവാരം അങ്ങേയറ്റം അധ:പതിച്ച ഒരു കാലഘട്ടത്തിലാണ്‌ മുഹമ്മദ്‌ നബി(സ) നിയോഗിതനായത്‌. എല്ലാരംഗത്തും അവരുടെസ്ഥിതി തികച്ചുംശോചനീയമായിരുന്നു. കിരാതരായ അറബികളില്‍ പറയത്തക്ക യാതൊരുത്തമ ഗുണവുമുണ്ടായിരുന്നില്ല.
അക്രമം അന്ന്‌ സാര്‍വ്വത്രികമായിരുന്നു. സുപ്രസിദ്ധ അറബിക്കവിയായ സുഹൈറുബ്‌നു അബൂസല്‍മ പാടുന്നു '' സ്വന്തം അധീനതയിലുള്ള ജലാശയങ്ങളെ ആയുധങ്ങളുപയോഗിച്ച്‌ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ തകര്‍ക്കപ്പെടുകതന്നെ ചെയ്യും. ജനങ്ങളെ അങ്ങോട്ട്‌ ചെന്ന്‌ ആക്രമിക്കാത്തവര്‍ നിശ്ചയമായും അക്രമിക്കപ്പെടും''.
'' മര്‍ദ്ദകനായാലും മര്‍ദ്ദിതനായാലും നീ നിന്റെ സഹോദരനെ സഹായിക്കുക'' യെന്നത്‌ ജാഹിലിയ്യകാലത്തെ സുപരിചിതമായ ഒരു ആപ്‌തവാക്യമായിരുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തെ അറബികള്‍ക്ക്‌ അക്രമത്തിന്റെ തത്വശാസ്‌ത്രത്തില്‍ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളു. ഇതേപ്രകാരംതന്നെ ചൂതാട്ടവുംമദിരാക്ഷിയും അവരുടെ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളായിരുന്നു. മാത്രമല്ല അവയുടെ ഉപയോഗാധിക്യത്തിലവര്‍ അഭിമാനിക്കുകയും ചെയ്‌തിരുന്നു. ത്വറഫ്‌തുബ്‌നുല്‍ അബ്ദ്‌ പാടി:- '' ഒരുയുവാവിന്റെ ജീവിതത്തില്‍ താഴെ പറയുന്ന മൂന്നു കാര്യങ്ങളില്ലെങ്കില്‍ എപ്പോള്‍മരിക്കുന്നതും എനിക്ക്‌ ഒരുപ്രശ്‌നമല്ലെന്ന്‌ ഞാന്‍ സത്യംചെയ്‌തു പറയുന്നു. അവയിലൊന്ന്‌ വെള്ളം ചേര്‍ക്കുമ്പോള്‍ നുരച്ചുപൊങ്ങുന്ന മദ്യം പ്രഭാതത്തില്‍ തരുണീമണികള്‍ക്കു മുമ്പായികിട്ടുകയെന്നതാണ്‌.എന്റെ അമിതമായ മദ്യപാനവും ആഢംബരവും ദുര്‍വ്യയവും കാരണം ബന്ധുമിത്രാധികള്‍കൂടി എന്നെ കയ്യൊഴിച്ചു. ആട്ടിയോടിക്കപ്പെട്ട ഒട്ടകത്തെപ്പോലെ ഞാന്‍ ഏകനായിത്തീര്‍ന്നു''.
ഇങ്ങനെ ജാഹിലിയ്യത്തിന്റെ സംസ്‌കാരശൂന്യതക്കും ധര്‍മ്മഭ്രംശത്തിന്നും സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നിരവധി മുഖങ്ങളുണ്ടായിരുന്നു. മറ്റു പിഴച്ച സമൂഹങ്ങളിലുണ്ടാകാറുള്ള എല്ലാ ദൂഷ്യങ്ങളും അതിനുമുണ്ടായിരുന്നു. ഹസ്രത്ത്‌ ആയിശ(റ) നിവേദനംചെയ്യുന്നു. '' ജാഹിലിയ്യത്തില്‍ നാലുതരം വിവാഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഒന്ന്‌ ഇന്ന്‌ പതിവുള്ള സമ്പ്രദായം തന്നെയാണ്‌ അഥവാ, വരനോ ബന്ധുവോ മറ്റൊരാളുടെമകളെ വിവാഹമന്വേഷിക്കുന്നു. തുടര്‍ന്ന്‌ വിവാഹമൂല്യംനല്‍കി വിവാഹംചെയ്യുന്നു. രണ്ട്‌: നിനക്ക്‌ ആര്‍ത്തവശുദ്ധിയായാല്‍ ഇന്നവ്യക്തിയോടൊപ്പം ശയിക്കണം എന്ന്‌ ഭര്‍ത്താവ്‌ ഭാര്യയോട്‌ പറയും തുടര്‍ന്നയാള്‍ അവളുമായി അകന്നു നില്‍ക്കും. തന്റെ ഭാര്യ ശാരീരികവേഴ്‌ച നടത്തിയ വ്യക്തിയില്‍
നിന്നും ഭര്‍ഭസ്ഥയായിട്ടുണ്ടെന്നുറപ്പാകുന്നതുവരെ അവളെ സമീപിക്കുകയില്ല. ഗര്‍ഭിണിയാണെന്നുറപ്പായാല്‍ ഇഷ്ടാനുസരണം സമീപിക്കും. ഇങ്ങനെ ചെയ്‌തിരുന്നത്‌ സന്താനങ്ങള്‍നല്ലവരാകാന്‍ വേണ്ടിയായിരുന്നുവത്രെ! മൂന്ന്‌. പത്തില്‍കുറഞ്ഞ ഒരുസംഘംആളുകള്‍ ഒരുസ്‌ത്രീയുമായി വേഴ്‌ചനടത്തും. അവള്‍പ്രസവിച്ച്‌ കുറച്ചുദിവസംകഴിഞ്ഞാല്‍ അവരെയെല്ലാംവിളിപ്പിക്കും. അപ്പോഴാര്‍ക്കും ഒഴിഞ്ഞുമാറാന്‍സാധ്യമല്ല. എല്ലാവരും ഒരുമിച്ചു കൂടിയാല്‍ അവള്‍ ഇവരോട്‌പറയും.'' നിങ്ങള്‍ ചെയ്‌തതെല്ലാം നിങ്ങള്‍ക്കുതന്നെഅറിയാം. ഞാനിപ്പോള്‍പ്രസവിച്ചിരിക്കുന്നു. ഇത്‌ ഇന്നയാളുടെസന്താനമാണ്‌. ഇഷ്ടമുള്ള പേരിട്ടുകൊള്ളുക. '' അങ്ങിനെ ആകുട്ടി അയാളുടേതായിത്തീരും. അയാള്‍ക്ക്‌ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. നാലാമത്തെ രീതി: ' ധാരാളംആളുകള്‍ സമ്മേളിച്ച്‌ അവര്‍സ്‌ത്രീകളുമായി സമ്പര്‍ക്കംപുലര്‍ത്തും. ഈ കുടലകള്‍പുരുഷരെ സ്വീകരിക്കുകയുംചെയ്യും. ഓരോവേശ്യയെയും തിരിച്ചറിയാന്‍ അവര്‍ വാതിക്കല്‍ കൊടിനാട്ടുകകൂടി ചെയ്‌തിരുന്നു. ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം ഇഷ്ടാനുസരണം അങ്ങോട്ട്‌കേറിച്ചെല്ലാമായിരുന്നു. അങ്ങിനെ അവരാരെങ്കിലും പ്രസവിച്ചാല്‍ ആളുകളൊരുമിച്ചുകൂടി ലക്ഷണനോട്ടക്കാരെ വിളിച്ചുവരുത്തും. തങ്ങള്‍ക്ക്‌ തോന്നുന്നവരുമായി അവര്‍ കുട്ടികളെചേര്‍ത്തുപറയും. അയാള്‍ അതംഗീകരിക്കുകയും ചെയ്യും. അയാളുടെ മകനായി പിന്നീട്‌ ആകുട്ടി അറിയപ്പെടുകയും ചെയ്യും`. (ബുഖാരി)
ഉപര്യക്തങ്ങളായ വിവരണങ്ങളില്‍ നിന്ന്‌ എത്രമാത്രം സംസ്‌കാരശൂന്യമായ ഒരു സമൂഹ്യാചാരമായിരുന്നു ജാഹിലിയ്യാ കാലത്ത്‌ അറേബ്യയിലുണ്ടായിരുന്നതെന്ന്‌ ഗ്രഹിക്കാവുന്നതാണ്‌. ഈ പശ്ചാത്തലത്തില്‍ നബി(സ)ക്ക്‌ സംസ്‌കാര പ്രവര്‍ത്തനത്തിലൂടെ സമൂഹ്യ പരിക്ഷ്‌കരണവും ആത്മശുദ്ധീകരണവും സ്വഭാവ സംസ്‌കരണവും കൈവരുത്താമായിരുന്നു. അങ്ങിനെയായിരുന്നുവെങ്കില്‍ മലീമസമായ ആ ചുറ്റുപാടിന്റെ വൃത്തിഹീനതകള്‍കണ്ട്‌ മനംമടുത്ത്‌ മാറ്റമാഗ്രഹിക്കുന്ന പരിവര്‍ത്തനവാദികളെ അദ്ദേഹത്തിന്‌ കൂട്ടിന്‌കിട്ടുമായിരുന്നു. സംസ്‌കരണ സംരംഭങ്ങള്‍ക്ക്‌ അവര്‍ സകലവിധ പിന്തുണയും നല്‍കയുംചെയ്യുമായിരുന്നു. മാത്രമല്ല സാംസ്‌കാരികവിപ്ലവത്തിന്നാണ്‌ നബി(സ)ശ്രമിച്ചിരുന്നതെങ്കില്‍ സംസ്‌കൃതചിത്തരായ വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമായിരുന്നു. എങ്കില്‍ മന: പരിവര്‍ത്തനത്തിന്നും സമൂഹസംസ്‌കരണത്തിനുമെല്ലാം നബിക്ക്‌ കഴിയുമായിരുന്നു. സര്‍വ്വോപരി ശക്തമായ എതിര്‍പ്പുകള്‍ക്ക്‌ വിധേയമായ '' ലാഇലാഹ ഇല്ലല്ല'' യുടെ സ്ഥാനത്ത്‌ ഇത്തരമൊരു മാര്‍ഗ്ഗമാണ്‌ പ്രവാചകന്‍ അവലംബിച്ചിരുന്നതെങ്കില്‍ കൂടുതല്‍ ആളുകളെ ആനായാസം ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നു.
പക്ഷേ, അതല്ല ഋജുവായ മാര്‍ഗ്ഗമെന്ന്‌ സര്‍വ്വജ്ഞനായ അല്ലാഹുവിന്നറിയാം. അദര്‍ശാധിഷ്‌ഠിതങ്ങളല്ലാത്ത സംസ്‌കരണങ്ങള്‍ക്ക്‌ നിലനില്‍പ്പില്ല. കാരണം അദര്‍ശമാണ്‌ സംസ്‌കാരത്തിന്റെ മൂല്യങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നത്‌ . മൂല്യ നിര്‍ണ്ണയം നടത്തേണ്ട ശക്തി ഏതാണെന്നും; അന്തിമമായ ഫലമെന്തായിരിക്കുമെന്നും;അനുയായികളുടെയും എതിരാളികളുടെയും പരിണാമമെങ്ങിനെയായിരിക്കുമെന്നും തീരുമാനിക്കുന്നത്‌ ആദര്‍ശത്തിലൂന്നി നില്‍ക്കുന്ന വിശാസപ്രമാണമാണ്‌. ആദര്‍ശശുന്യവും അധികാര രഹിതവുമായ സാഹചര്യത്തില്‍ മൂല്യങ്ങള്‍ക്ക്‌ അനിയന്ത്രിതമായ ക്ഷയംസംഭവിക്കുന്നു. അതോടെ മാനിക്കപ്പെടുന്ന മൂല്യങ്ങളിന്മേല്‍ സ്ഥാപിതമാകേണ്ട സാംസ്‌കാരിക സൗധങ്ങള്‍ തകര്‍ന്ന്‌ തരിപ്പണമാവുകയും ചെയ്യുന്നു. കാരണം ആദര്‍ശരഹിതമായ സാമൂഹ്യ സമവിധാനത്തില്‍ പരമായ ആധിപത്യം അക്രമശക്തികള്‍ക്കായിരിക്കും. അങ്ങിനെ സമൂഹത്തിന്റെ സദാചാര ഭദ്രത തകരുകയും ചെയ്യും!.

 അറേബ്യയുടെ ചരിത്രം പരിശോധനയര്‍ഹിക്കുന്നു. അവിടെ ഇസ്‌ലാമികാദര്‍ശം സംസ്ഥാപിതമായപ്പോള്‍; വിശ്വാസ പ്രമാണങ്ങളിലൂന്നിനില്‍ക്കുന്ന ആധിപത്യം നിലവില്‍ വന്നപ്പോള്‍; ജനങ്ങള്‍ തങ്ങളുടെ നാഥനെ അറിയുകയും, അനുസരിക്കുകയും ആരാധിക്കുകയും ചെയ്‌തപ്പോള്‍ അടിമകളായ മനുഷ്യരുടെയും തങ്ങളുടെതന്നെ ദേഹേഛകളുടെയും സ്വാധീനത്തില്‍ നിന്നും മോചനം നേടിയപ്പോള്‍ ' ലാഇലാഹ ഇല്ലല്ലഹു ' മനുഷ്യമനസ്സുകളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചപ്പോള്‍ ; അറബികള്‍ വിജയത്തിന്റെയും ഉയര്‍ച്ചയുടെയും ഉത്തംഗ സോപാനത്തിലേക്കുയര്‍ന്നു. അവര്‍ റോമ പേര്‍ഷ്യന്‍ ആധിപത്യത്തില്‍ നിന്ന്‌ മോചനം നേടി അങ്ങിനെ പിശാചിന്റെ- താഗൂത്തിന്റെ- കൈകളില്‍ നിന്ന്‌ അറേബ്യ സ്വതന്ത്രമായി. സകലവിധ സാമൂഹിക അസമത്വങ്ങളില്‍ നിന്നും സുരക്ഷിതമായി. ദൈവികനീതി നടപ്പായി. അവന്റെ മാനദണ്ഡം നിലവില്‍വന്നു. സമൂലമായ ഈ പരിവര്‍ത്തനത്തില്‍ മറ്റൊരു ശക്തിക്കും പങ്കില്ല. ഇസ്‌ലാമാണ്‌ അത്‌ നിര്‍വ്വഹിച്ചത്‌. '' ലാഇലാഹ ഇല്ലല്ല''യുടെ ആദര്‍ശ വിപ്ലവമാണത്‌.
അങ്ങിനെ മനുഷ്യ മനസ്സുകള്‍ മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധങ്ങളായി. മനസ്സാക്ഷിയും ആത്മാവും സംസ്‌കരിക്കപ്പെട്ടു. ഇസ്‌ ലാമിന്റെ ശിക്ഷാ സമ്പ്രാദായങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രം നടപ്പാക്കിയാല്‍ മതിയാകുന്ന ചുറ്റുപാടുകള്‍ നിലവില്‍ വന്നു. കുറ്റങ്ങള്‍ കുറഞ്ഞു. കര്‍ത്തവ്യബോബം ജന്മംകൊണ്ടു. അല്ലാഹുവിന്റെ പ്രീതിയിലും പ്രതിഫലത്തിലുമുള്ള ആഗ്രഹവും കോപത്തിലും ശിക്ഷയിലുമുള്ള ഭയവും ശിക്ഷയുടെയും ശിക്ഷണത്തിന്റെയും സ്ഥാനം കയ്യേറ്റു. തല്‍ഫലമായി മനുഷ്യ സമുദായം ജീവിതത്തിന്റെ സമസ്‌തമേഖലകളിലും പുരോഗതിയുടെ പാരമ്യത പ്രാപിച്ചു. ഇസ്‌ ലാമിന്റെ ശീതളഛായയിലല്ലാതെ മാനവരാശി മുമ്പും പിമ്പും അത്രയേറെ സമുന്നതി കൈവരിച്ചിട്ടില്ല.
ഇതെല്ലാം എങ്ങിനെ സംഭവിച്ചു? രാഷ്ടം, വ്യവസ്ഥ, നിയമം, ചട്ടം, എന്നീ നിലകളില്‍ ഈ ദീനിന്റെ സംസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചവര്‍ അതിനു മുമ്പായി ഈ വ്യവസ്ഥിതിയെ തങ്ങളുടെ വികാര വിചാരങ്ങളിലും കര്‍മ്മങ്ങളിലും പകര്‍ത്തി. ആദര്‍ശം സംസ്‌കാരം, ആരാധന, സദാചാരം, അനുഷ്‌ഠാനം എന്നീ നിലകളിലതിനെ സമീപിച്ചു. പ്രതിഫലമായി ഒരേ ഒരു വാഗ്‌ദാനമാണവര്‍ക്ക്‌ ലഭിച്ചിരുന്നത്‌. അതെ; സ്വര്‍ഗ്ഗം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ആദര്‍ശ സംസ്ഥാപനത്‌ിന്റെ ആത്യന്തികഫലം പരലോകവിജയംമാത്രമായിരുന്നു. ഉഗ്രങ്ങളായപരീക്ഷണങ്ങളും ബീഭത്സങ്ങളായമര്‍ദ്ദനങ്ങളും അവരവഗണിച്ചു. viagra otc അധികാരിവര്‍ഗ്ഗത്തിന്റെ അസംതൃപ്‌തിക്ക്‌ വിലകല്‍പ്പിച്ചില്ല. തീഷ്‌ണമായ ജാഹിലിയ്യത്തിനെ നേരിട്ടു അതിനെതിരില്‍ ' ലാഇലാഹ ഇല്ലല്ല'യില്‍ നിന്നും ആവേശം ഉള്‍കൊണ്ട്‌ ജിഹാദ്‌ ചെയ്‌തു.
ആദര്‍ശപ്രസ്ഥാനത്തിന്റെപ്രബോധകരെ അല്ലാഹു പരീക്ഷിച്ചപ്പോള്‍ അവര്‍ക്ഷമിച്ചു. അവര്‍ ഈ ഭൂമിയിലെ ഭൗതികനേട്ടങ്ങള്‍കാംക്ഷിച്ചില്ല. സ്വാര്‍ത്ഥലാഭങ്ങള്‍മോഹിച്ചില്ല. ഈ ദീന്‍ ഭൂമിയില്‍സംസ്ഥാപിതമായത്‌ തങ്ങളുടെ നിതാന്തശ്രമങ്ങള്‍കൊണ്ടാണെങ്കിലും അവരതില്‍അഹങ്കരിച്ചില്ല. സത്യപ്രബോധനം വിജയിച്ചത്‌ അവരിലൂടെയായിട്ടും ആ നിഷ്‌കാമ കര്‍മ്മികള്‍ അഹന്തനടിച്ചില്ല. വീടിന്റെയോ കുടുംബത്തിന്റെയോ നാട്ടിന്റെയോ,ദേശത്തിന്റെയോ, ഗോത്രത്തിന്റെയോപേരില്‍ ഹൂങ്ക്‌കാണിച്ചതുമില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ ഭാരിച്ച ഈ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ നടത്താന്‍ അവരര്‍ഹരാണ്‌ എന്ന്‌ അല്ലാഹുനിശ്ചയിച്ചത്‌. അവരുടെ ആത്മാക്കളെയുംമനസ്സുകളെയും ഭരിച്ചിരുന്നതും ജീവനെയുംസമ്പത്തിനെയുമെല്ലാം കീഴ്‌പെടുത്തിയിരുന്നതുംഅല്ലാഹുവായിരുന്നു. തല്‍ഫലമായി തങ്ങള്‍ക്ക്‌ ലഭിച്ച ആധിപത്യത്തെ ആ ദൈവദാസന്മാര്‍ അല്ലാഹുവിന്റെ ശരീഅത്ത്‌ നടപ്പാക്കാനായി വിനിയോഗിച്ചു. അങ്ങിനെയാണ്‌ ദൈവീകനീതി നിലവിലവില്‍വന്നത്‌. അതുകൊണ്ട്‌ അവര്‍ക്കോ അവരുടെ കുടുംബത്തിന്നനോ ഗോത്രത്തിന്നോ ജനതക്കോ പറയത്തക്കയാതൊരു ഐഹികനേട്ടവുമുണ്ടായിരുന്നില്ല. തങ്ങള്‍ക്കുള്ളഅധികാരങ്ങളെല്ലാം അല്ലാഹുവിന്റെതാണെന്ന്‌ അവര്‍ക്ക്‌അറിയാമായിരുന്നു. എല്ലാം അല്ലാഹു അമാനത്തായിനല്‍കിയതുമാത്രമാണെന്നവര്‍ മനസ്സിലാക്കിയിരുന്നു.

 ആദര്‍ശാധിഷ്‌ഠിതമായ ഇസ്‌ലാമിക പ്രത്യശാസ്‌ത്രത്തിന്റെ പ്രബോധനം ഉപര്യുക്തമായമാര്‍ഗ്ഗത്തിലൂടെയല്ല ആരംഭിച്ചിരുന്നതെങ്കില്‍ ഇത്രയുംസമുന്നതമായ ഒരുസ്ഥാനം അതിന്‌ലബ്ദമാകുമായിരുന്നില്ല. സവിശേഷമായ ഈ സരണിതിരഞ്ഞെടുത്ത്‌, '' ലാഇലാഹ ഇല്ലല്ല'' യുടെ മണിധ്വജം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണിതെല്ലാംസാധിച്ചത്‌. ആദര്‍ശാഷിഠിത പ്രബോധനമല്ല നടത്തിയിരുന്നതെങ്കില്‍ എല്ലാം ഒന്നിച്ച്‌ പരിവര്‍ത്തിതമായി പുതിയൊരുല്‍കൃഷ്ടസമൂഹം ജന്മമെടുക്കുകയില്ലായിരുന്നു. '' ലാഇലാഹ ഇല്ലല്ല'' യുടെ തല്ലാത്ത ചിഹ്നങ്ങള്‍ സ്വീകരിച്ച്‌ കേവലം ദേശീയ, സമൂഹ്യ, സമുദായിക, സാസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്‌ നബി(സ)യും അനുചരന്മാരും സംഘടിപ്പിച്ചിരുന്നതെങ്കില്‍ ശുദ്ധവും കലരര്‍പ്പില്ലാത്തതുമായ ദൈവീകവ്യവസ്ഥിതി ഭൂമുഖത്ത്‌ നിലവില്‍ വരികയില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ അവര്‍ '' ലാഇലാഹ ഇല്ലല്ല''യുടെ മാര്‍ഗ്ഗമവലംബിച്ചത്‌. ആദര്‍ശാധിഷ്‌ഠിതമായ ദിവ്യവ്യവസ്ഥിതിയുടെ പ്രബോധനത്തിനനുയോജ്യമായ മാര്‍ഗ്ഗം അതുമാത്രമാണ്‌ !
ആദര്‍ശപ്രചരണത്തിലൂടെ ' ലാഇലാഹ ഇല്ലല്ലാഹു' മനുഷ്യ മനസ്സില്‍ കുടിയിരുത്തുകയാണ്‌ ഖുര്‍ആന്‍ ആദ്യ മായി ചെയ്‌തത്‌. അതിന്‌ അവലംബിച്ച മാര്‍ഗ്ഗം പ്രത്യക്ഷത്തില്‍ ദുഷ്‌കരമാണെന്ന്‌ തോന്നുതുമാണ്‌.
ഖുര്‍ആന്‍ ആദര്‍ശം കയ്യാളിയപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥയുടെ വിശദാംശങ്ങളിലേക്കോ, ജീവിത പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്ന നിയമ പദ്ധതികളിലേക്കോ കടന്നു ചെന്നില്ല. ഇസ്‌ലാമിന്റെ സന്ദേശവാഹകര്‍ സശ്രദ്ധം ഗൗനിക്കേണ്ട ഒരു വസ്‌തുതയാണിത്‌.
ഇസ്‌ലാം ഏകദൈവത്വസിദ്ധാന്തത്തില്‍ അടിയുറച്ചു നില്‍ക്കുന്നു. അതിന്റെ നിയമ വ്യവസ്ഥകളും പദ്ധതികളും ഈ മഹത്തായ അടിത്തറയിന്മേലാണ്‌ സ്ഥിതിചെയ്യുന്നത്‌. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു കൂറ്റന്‍ വൃക്ഷം പോലെയാണ്‌ ഇസ്‌ലാം.അതിന്റെ വേരുകള്‍ ഭൂമിയുടെ ആഴങ്ങലിലേക്ക്‌ ആഴ്‌ന്നിറങ്ങുകയും ചില്ലകള്‍ പൊട്ടിമുളച്ച്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിയമം വ്യവസ്ഥകള്‍ ജീവിതത്തെയാസകലം ചൂഴ്‌ന്നുനില്‍ക്കുന്നു. മാനവന്റെ ചെറുതും വലുതുമായ അഖില പ്രശ്‌നങ്ങളും അത്‌ കയ്യാളുന്നു. അങ്ങിനെ ജനജീവിതത്തെ രൂപപ്പെടുത്തുന്നു. ഐഹിക ജീവിതത്തെ മാത്രമല്ല പരലോക ജീവിതത്തെയും ഇസ്‌ലാം മുന്നില്‍ കാണുന്നു. ദൃശ്യലോകത്തെയും അദൃശ്യ ലോകത്തെയും അത്‌ പഠനവിധേയമാക്കുന്നു. ബാഹ്യങ്ങളായ ഭൗതിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല, ഹൃദയത്തിന്റെ ആഗാതതലങ്ങളിലെ രഹസ്യമേഖലകളിലും വിചാര മണ്ഡലങ്ങളിലുമെല്ലാം അത്‌ വേരൂന്നുന്നു. അതിനാല്‍ വിശാലവും വ്യാപകവും ബ്രഹത്തും മഹിതവുമായ ഈ സൗധത്തിന്ന്‌ തദനുസൃതമായ അടിത്തറയും ചുവരുകളും ഭദ്രതയും കെട്ടുറപ്പും ഉണ്ടാകേണ്ടതനിവാര്യമാണ്‌.
ഹൃദാന്തരങ്ങളില്‍ ആദര്‍ശം സ്ഥാപിതമായശേഷം മാത്രമേ ജീവിത്തിന്റെ ഇതരവശങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയുകയുള്ളു. മനസ്സിനെ സ്വാധീനിക്കാത്ത ആദര്‍ശങ്ങള്‍ ബാഹ്യരംഗത്ത്‌ എത്രതന്നെ സ്ഥിരപ്രതിഷ്‌ഠനേടിയാലും അകവും പുറവും തമ്മിലുള്ള സമന്യയം സാധ്യമാവുകയില്ല. തല്‍ഫലമായി ജീവിതത്തിന്ന്‌ രഹസ്യവും പരസ്യവുമായ മേഖലകളില്‍ ഭിന്നമുഖങ്ങളുണ്ടാകുന്നു. അതിനാല്‍ '' ലാഇലാഹ ഇല്ലല്ലാഹു '' മനുഷ്യ മസ്‌തിഷ്‌കങ്ങളില്‍നിലനിന്ന ശേഷമല്ലാതെ തതനുസൃതമായജീവിതവ്യവസ്ഥ നിലവില്‍ വരികയില്ല.

ആദികാലത്ത്‌ മക്കയിലെ മുസ്‌ലീകള്‍ക്ക്‌ തങ്ങളുടെമേലോ തങ്ങളുടെസമൂഹത്തിന്റെ മേലോ യാതൊരധികാരവുമുണ്ടായിരുന്നില്ല. ദൈവിക നിയമ വ്യവസ്ഥക്ക്‌ വിധേയരായി സ്വതന്ത്രമായി ജീവിതം നയിക്കാനവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ നിയമങ്ങളോ പദ്ധതികളോ ശിക്ഷാ സമ്പ്രദായമോ അവതരിക്കപ്പെട്ടില്ല. മറിച്ച്‌ ആദര്‍ശത്തെ സംബന്ധിച്ച ശിക്ഷണം നല്‍കുക മാത്രമാണ്‌ ചെയ്‌തത്‌. ഹൃദയാന്തരാളങ്ങളില്‍ ആദര്‍ശം സ്ഥിര പ്രതിഷ്‌ഠനേടിയശേഷം അതിനുരൂപമായ സ്വഭാവ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്‌തു. മദീനയില്‍ അധികാരവും ശക്തിയുമുള്ള ഒരു രാഷ്ട്രം ഉടലെടുത്തപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ഇറക്കി. മനുഷ്യജീവിതത്തിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരീഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. അവ ഇസ്‌ലാമിക രാഷ്ട്രത്തില്‍ അനായാസം നടപ്പാക്കപ്പെടുകയും ചെയ്‌തു.
മദീനയില്‍ ഒരു രാഷ്ട്രമുണ്ടാകുമ്പോള്‍ നടപ്പാക്കിക്കൊള്ളട്ടെ എന്ന്‌ കരുതി മക്കയില്‍ വെച്ചുതന്നെ അല്ലാഹു നിയമങ്ങള്‍ നല്‍കിയില്ല. അത്‌ ദൈവിക ദീനിന്റെ പ്രകൃതിക്കനുയോജ്യവുമല്ല. പ്രശ്‌നങ്ങള്‍ സങ്കല്‍പ്പിച്ച്‌ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അതിന്റെ സ്വഭാവത്തിന്‌ ചേര്‍ന്നതല്ല. കാരണം സംഭവലോകത്തെയാണ്‌ അതഭീമുഖീകരിക്കുന്നത്‌. ദൈവിക ദീനല്ലാത്തതിനെയെല്ലാം തിരസ്‌കരിച്ച്‌ ഇസ്‌ലാമിനെ മാത്രം ആശ്ലേഷിക്കുന്ന സമൂഹത്തിന്റെ പ്രായോഗിക ജീവിതത്തെയാണ്‌ അത്‌ കൈകാര്യം ചെയ്യുന്നത്‌.
കര്‍മ്മരംഗത്ത്‌ അല്ലാഹുവിന്റെ ശരീഅത്ത്‌ മാത്രം നടപ്പാക്കുകയും മറ്റല്ലാം തൂത്തെറിയുകയും ചെയ്‌ത ഒരു വിഭാഗം ഇന്ന്‌ ഭൂമുഖത്തില്ല. എന്നിരിക്കെ ഇസ്‌ലാമിന്‍െറ നിയമങ്ങള്‍ ആവിഷ്‌ക്കരിക്കാനും ചട്ടങ്ങള്‍ ഉണ്ടാക്കാനും ഒരു മ്പെടുന്നവര്‍ ഈ ദീനിന്റെ സ്വഭാവവും,പ്രകൃതിയും ചരിത്രവും മനസ്സിലാക്കാത്തവരാണ്‌. അല്ലാഹുവിന്റെ വ്യവസ്ഥിതിയുടെ പ്രത്യേകതകള്‍ ഗ്രഹിക്കാത്തവരാണ്‌. ഇസ്‌ലാമിന്റെ സവിശേഷതകള്‍ മാറ്റിമറിച്ച്‌ മനുഷ്യ നിര്‍മ്മിത വ്യവസ്ഥിതികളോടതിനെ സാദൃശ്യപ്പെടുത്താനാണവര്‍ ശ്രമിക്കുന്നത്‌. മനുഷ്യനിര്‍മ്മിത പദ്ധതികള്‍ കണ്ട്‌ പരാജിത മനസ്‌കരും പരിഭ്രാന്തചിത്തരുമായവരുടെ നിലപാടാണിത്‌. ഇന്നില്ലാത്തതും ഭാവിയിലുണ്ടായേക്കാവുന്നതുമായ സാങ്കല്‍പിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണവര്‍ യത്‌നിക്കുന്നത്‌. എന്നാല്‍ ദൈവേഛ മറിച്ചാണ്‌. അല്ലാഹുവിന്റെ മാത്രം നിയമങ്ങളേ അനുസരിക്കാവു എന്നും അവനല്ലാതെ മറ്റാര്‍ക്കും കീഴ്‌പ്പെടരുതെന്നും സിദ്ധാന്തിക്കുന്ന'' ലാഇലാഹ ഇല്ലല്ലാ'' എന്ന ആദര്‍ശത്തെ മനുഷ്യ മനസ്സുകളില്‍ അരക്കിട്ടുറപ്പിച്ചശേഷം മാത്രമേ അല്ലാഹു ജീവിതവൃത്തികളെ രൂപപ്പെടുത്തുന്ന നിയമങ്ങളും ചട്ടങ്ങളും നിശ്ചയിക്കുന്നുള്ളു. മനുഷ്യന്‍ എന്തുതന്നെ ഇച്ഛിച്ചാലും ദൈവനിശ്ചയം അതാണ്‌.
ദൈവികദീനിന്റെ പുന: സംസ്ഥാപനത്തിന്നായി ജനങ്ങളെ ആഹ്വാനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രഥമമായും പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ ആദര്‍ശ പ്രചരണത്തെപ്പറ്റിയാണ്‌. ജനങ്ങള്‍ സ്വയം മുസ്‌ലീംകളെന്ന്‌ വിളിക്കുകയും അവരുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ അത്‌ തെളിയിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ശരി. അത്തരം സമൂഹങ്ങളില്‍ കൂടി '' ലാഇലാഹ ഇല്ലല്ലാഹു '' അതിന്റെ സാക്ഷാല്‍ വിവക്ഷകളോടൊപ്പം അംഗീകരിപ്പിക്കാനാണ്‌ നാമാദ്യം ശ്രമിക്കേണ്ടത്‌ അങ്ങിനെ തൗഹീദ്‌ അവരുടെ വിചാര വികാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും നടപ്പാക്കണം. ഈ അടിത്തറയിന്മേല്‍ ഇസ്‌ലാമികവ്യവസ്ഥിതി കെട്ടിപ്പൊക്കുകുയം വേണം. പ്രബോധനാരംഭകാലത്ത്‌ ഇസ്‌ലാം അങ്ങിനെയാണ്‌ ചെയ്‌തത്‌. പതിമൂന്നു വര്‍ഷക്കാലത്തെ അവതരണത്തിനിടയില്‍ ഖുര്‍ആന്‍ നിര്‍വ്വഹിച്ച ദൗത്യം അതാണ്‌. ഈ അടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കപ്പെടുന്ന സമൂഹത്തില്‍ മാത്രമേ ഇലസ്‌ലാമിക വ്യവസ്ഥ പൂര്‍ണ്ണമായും നടപ്പാക്കപ്പെടുകയുള്ളു.
ഇസ്‌ലാമിക ജീവിത വ്യവസ്ഥത പ്രായോഗിക രംഗത്ത്‌ നിലവില്‍ വന്നാല്‍ പ്രബോധനമാര്‍ഗ്ഗം സുഗമമാകുമെന്നും ജനങ്ങള്‍ക്ക്‌ ഈ ദീന്‍ പ്രിയംകരമാകുമെന്നും ചില അല്‌പബുദ്ധികള്‍ വിചാരിക്കുന്നുണ്ട്‌. ഇസ്‌ ലാമിന്റെ സ്വഭാവത്തെയും പ്രകൃതിയേയും സംബന്ധിച്ച തികഞ്ഞ അജ്ഞതയാണിതിനുകാരണം. വര്‍ഗ്ഗീയമോ , ദേശീയമോ, ഭാഷാപരമോ ആയ വികാരങ്ങളിളക്കിവിട്ട്‌ അധികാരം കൈക്കലാക്കിയിരുന്നുവെങ്കില്‍ നബി(സ)ക്ക്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഖകരമായി നടത്താമായിരുന്നു എന്നും അവര്‍ വിചാരിക്കുന്നു. മനുഷ്യ പ്രകൃതിയെയും ജീവിതാവശ്യങ്ങളെയും ദൈവനിശ്ചയങ്ങളേയും സംബന്ധിച്ച അറിവുകേടാണ്‌ ഈ ധാരണകള്‍ക്ക്‌ കാരണം.
മനുഷ്യ മനസ്സുകള്‍ അല്ലാഹുവിന്ന്‌ അടിപ്പെടണം! അവന്റെ നിയമ വ്യവസ്ഥ അംഗീകരിക്കണം. മറ്റുള്ളവയെല്ലാം തിരസ്‌ക്കരിക്കണം. എന്നിട്ടു മാത്രമേ ജീവിത രംഗത്തെ വിശദാംശങ്ങളിലേക്ക്‌ പ്രവേശിക്കേണ്ടതുള്ളു.
ദൈവിക വ്യവസ്ഥയാണ്‌ മാനവര്‍ക്കനുയോജ്യമെന്ന സത്യം ആദ്യമായി ശരിക്കും അംഗീകരിക്കപ്പെടണം. സൃഷ്ടികളുടേതൊരിക്കലും സ്രഷ്ടാവിന്റേതിന്‌ തുല്യമാകുകയില്ലെന്ന്‌ മനസ്സിലാക്കപ്പെടണം. ഈ നിലക്ക്‌ കാര്യങ്ങള്‍ ഗ്രഹിച്ച്‌ ഇസ്‌ലാം ആശ്ലേഷിക്കുന്നവരേ യഥാര്‍ത്ഥ മുസ്‌ ലീംകളാവുകയുള്ളു. ഭൗതിക നേട്ടങ്ങള്‍ കാംക്ഷിച്ചുകൊണ്ടല്ല യഥാര്‍ത്ഥമാണെന്ന്‌ ബോധ്യമായതുകൊണ്ടായിരിക്കണം ഇസ്‌ ലാം ആശ്ലേഷിക്കപ്പെടേണ്ടത്‌.
ആദര്‍ശത്തെ ബ്രഹ്മജ്ഞാനം(ഠവലീഹീഴ്യ)പോലെ കേവല ദര്‍ശനമായോ തത്വശാസ്‌ത്രപരമായ ഒരു തര്‍ക്ക വിഷയമായോ അല്ല ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. മറിച്ച്‌ ഒരു ജീവിതപദ്ധതി എന്ന നിലക്കാണതിനെ അവതരിപ്പിച്ചത്‌.
മനുഷ്യന്റെ സ്വഛപ്രകൃതിയെയാണത്‌ അഭിസംബോധനം ചെയ്യുന്നത്‌. അതിനായി ഖുര്‍ആന്‍ അവനിലും അവന്റെ ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളെ എടുത്തുദ്ധരിക്കുന്നു. ഹൃദയങ്ങളിലടിഞ്ഞുകൂടിയ മാലിന്യങ്ങളകറ്റുന്നു. നിസര്‍ഗ്ഗഭാവങ്ങളെ കലര്‍പ്പില്ലാത്തതും സ്വതന്ത്രവും ആക്കിമാറ്റുന്നു. അങ്ങനെ മനുഷ്യനെ ബാദ്ധ്യതകള്‍ ഏറ്റെടുക്കാന്‍ പാകപ്പെടുത്തുന്നു. ചലനാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ളവനാകുന്നു. ഇങ്ങിനെ ആദര്‍ശം കൈയിലേന്തി ഖുര്‍ആന്‍ ജീവസ്സാര്‍ന്ന ഒരു സമരത്തിനിറങ്ങുന്നു. മാനവന്റെ സ്വഛപ്രകൃതിക്ക്‌ വിരുദ്ധമായ ശക്തികളുമായേറ്റു മുട്ടുന്നു. അങ്ങിനെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ പതിമൂന്നു വര്‍ഷള്‍കൊണ്ട്‌ മഹത്തായ ഇസ്‌ലാമിക വിപ്ലവം നയിച്ചത്‌. അപ്പോഴെല്ലാം അതഭീമുഖരിച്ചിരുന്നത്‌ കേവലാദര്‍ശങ്ങളെയായിരുന്നില്ല. കര്‍മ്മരംഗത്തെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയുമായിരുന്നു നേരിട്ടിരുന്നത്‌. വിചാരമേഖലയിലെ തര്‍ക്കങ്ങളെ മാത്രമായിരുന്നില്ല; ദൈവികചര്‍ച്ചിന്റെ 'മതം' പോലെ സങ്കുചിതമല്ല ഇസ്‌ ലാം. അത്‌ കേവലം ജീവിതരംഗത്തെയാസകലം ഉള്‍ക്കൊള്ളുന്നു. അത്‌ കേവലം ഒരു വിശ്വാസ പ്രമാണമല്ല സമ്പൂര്‍ണ്ണമായ ഒരു ജീവിതപദ്ധതിയാണ്‌.
ഖുര്‍ആന്റെ ആദര്‍ശം വാര്‍ത്തെടുത്ത മുസ്‌ലീം സമൂഹം ചുറ്റുമുള്ള അതിശക്തങ്ങളായ ജാഹിലിയ്യത്തുമായി ഏറ്റുമുട്ടി. മനുഷ്യ മനസ്സുകളിലെ അനിസ്‌ലാമിക വിചാരങ്ങളും വികാരങ്ങളുമായി ഇടഞ്ഞു. ഇവിടെ തത്വശ്‌സ്‌ത്രത്തിന്റെയോ തര്‍ക്കശാസ്‌ത്രത്തിന്റേയോ രൂപത്തിലല്ല ഇസ്‌ലാമിനെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌. മറിച്ച്‌ ജീവസ്സുറ്റ വ്യക്തികളുള്‍ക്കൊള്ളുകയും. സുഘടിതമായ സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന മുസ്‌ലീം സംഘടനയുടെ വേഷത്തിലാണ്‌. വാളും കുന്തവും കയ്യിലേന്തി സമരം നടത്തുന്ന സേനാനിയുടെ രൂപത്തിലാണ്‌. നിയമങ്ങള്‍ നടപ്പാക്കുന്ന ഭരണാധികാരിയുടെ പ്രതിരൂപമായിട്ടാണ്‌ ഖുര്‍ആന്‍ ഇസ്‌ലാമിനെ അവതരിപ്പിച്ചത്‌.
ഇസ്‌ ലാമികാദര്‍ശം കേവലം ഒരു പഠനവിഷയമല്ല. അതിനെ അങ്ങിനെ ആക്കി മാറ്റാവുന്നതുമല്ല. അത്‌ വെറും ഒരു പഠനവിഷയമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ ഒറ്റയടിക്കതിനെ അവതരിപ്പിക്കുമായിരുന്നു നീണ്ട പതിമൂന്നുവര്‍ഷം ജനങ്ങള്‍ക്കത്‌ പഠിപ്പിച്ചുകൊണ്ടിരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത്‌ മറിച്ചാണ്‌. ഇസ്‌ ലാമിനെ വ്യക്തവും സ്വതന്ത്രവുമായ ഒരു വ്യവസ്ഥിതിയാക്കാനാണ്‌ അവനിഛിച്ചത്‌. ആദര്‍ശത്തോടൊപ്പം തന്നെ തദനുസൃതമായ ഒരു സമൂഹവും ഉണ്ടാകേണമെന്നായിരുന്നദൈവേഛ. ആദര്‍ശം പ്രസ്ഥാനത്തിന്നും സമൂഹത്തിന്നും രൂപവും ഭാവവും നല്‍കേണമെന്നും സമൂഹത്തിലൂടെആദര്‍ശം വളര്‍ന്നുവരേണമെന്നും അവനാഗ്രഹിച്ചു. തല്‍ഫലമായി ആദര്‍ശത്തിന്റെ യഥാര്‍ത്ഥ നിദര്‍ശനമായ ഒരു സമുദായം നിലവില്‍വന്നു. ആദര്‍ശത്തിന്റെ വളര്‍ച്ചക്കൊത്ത്‌ സമൂഹവും വളര്‍ന്നു. ഇസ്‌ലാമികാദര്‍ശം പൂര്‍ണ്ണതപ്രാപിച്ചപ്പോള്‍ ഇസ്‌ ലാമിക സമുദായവും വളര്‍ച്ചയുടെ പാരമ്യതയിലെത്തി.
വര്‍ദ്ധമാനവും; ചലനാത്മകവും, സജീവവും, കര്‍മ്മോത്സുകവുമായ സമൂഹത്തിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെടേണ്ട ജിവസ്സുറ്റ ഇസ്‌ ലാമികാദര്‍ശത്തെ ദുര്‍ബ്ബലങ്ങളായ മാനവദര്‍ശനങ്ങളുമായി സാദൃശ്യപ്പെടുത്താനായി നടത്തപ്പെടുന്ന ശ്രമങ്ങളെ സംബന്ധിച്ച്‌ നാം ബോധവന്മാരാകേണ്ടതുണ്ട്‌. ഇസ്‌ ലാമിനെ അതിന്റെ യഥാര്‍ത്ഥ പ്രകൃതത്തില്‍ നിന്നും തെറ്റിച്ച്‌ കേവലം പഠനത്തിന്നും ഗവേഷണത്തിന്നുമുള്ള ഉപാധിയാക്കി മാറ്റാനുള്ള ഏതുതരം നീക്കവും എതിര്‍ക്കപ്പെടേണ്ടവയാണ്‌.
ദൈവത്തെയും, പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച ഇസ്‌ലാമിക വിഭാനകള്‍ വിശാലവും സമഗ്രവുമാണ്‌.അത്‌ നിര്‍മ്മാണാത്മകവും യാഥാര്‍ത്ഥ്യ നിഷ്‌ഠവുമാണ്‌. അത്‌ വിഷിടകതവും സമഷ്ടികതവുമായ ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും നിലനില്‍ക്കാനുള്ളവയാണ്‌. ഇക്കാരണത്താലാണ്‌ അല്ലാഹു ഖുര്‍ആനെ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിച്ചത്‌ '' ജനങ്ങള്‍ക്ക്‌ നിറുത്തി നിറുത്തി ഓതിക്കൊടുക്കാന്‍ വേര്‍പെടുത്തിയും ഘട്ടം ഘട്ടമായും അവതരിപ്പിച്ച ഖുര്‍ആനാണിത്‌ '' (അല്‍ ഇസ്‌റാഅ്‌ 1-6)
ഇവിടെ നിറുത്തി വായിക്കുകയെന്നതും വേര്‍പെടുത്തി അവതരിപ്പിക്കുകയെന്നതും ഉദ്ദേശ്യ പൂര്‍വ്വമാണ്‌.അങ്ങിനെ ചെയ്‌തത്‌ ഇസ്‌ ലാമിക സൗധത്തിന്റെ നിര്‍മ്മാണം ഭദ്രമായി പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌. വിശ്വാസത്തില്‍ നിന്നും രൂപപ്പെടുന്ന ജീവസ്സാര്‍ന്ന ഒരു സമൂഹത്തെ സംവിധാനിക്കാനാണ്‌.
ഇസ്‌ലാം ദൈവിക ദീനായതിനാല്‍ അതിന്റെ പ്രവര്‍ത്തനമാര്‍ഗ്ഗവും ദൈവികമായിരിക്കണം. ഇസ്‌ലാമിന്റെ അന്തസ്സത്തയും കര്‍മ്മ മാര്‍ഗ്ഗവും തമ്മില്‍ വേര്‍തിരിക്കുക സാധ്യമല്ല. വിശ്വാസവിഭാവനകളും ജീവിതപ്രവര്‍ത്തനങ്ങളും മാറ്റപ്പെടുന്നതുപോലെതന്നെ അവയുടെ രൂപീകരണ മാര്‍ഗ്ഗവും മാറ്റിമറിക്കാനാണ്‌ ദൈവിക ദീന്‍ അവതീര്‍ണ്ണമായത്‌.
ഇസ്‌ലാം ഒരു പുതിയ ആദര്‍ശത്തെ അവതരിപ്പിക്കുക വഴി തദനുസൃതമായ ഒരു സമൂഹത്തെ രൂപപ്പെടുത്താനും സവിശേഷമായ ഒരു വിചാരധാര സൃഷ്ടിക്കാനുമാണുദ്ദേശിച്ചത്‌. അതിന്റെ വിശ്വാസ വിചാരങ്ങള്‍ക്കും പ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍ക്കുമിടയില്‍ യാതൊരന്തവുമില്ല. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ശരിക്കും ഗ്രഹിക്കേണ്ട വസ്‌തുതയാണിത്‌.
നമുക്ക്‌ ചുറ്റമുള്ള അഭിനമവ ജാഹിലിയ്യത്ത്‌ സത്യത്തിന്റെ വക്താക്കളെ വിഷമിപ്പിക്കുവാനും വഴിതെറ്റിക്കുാനും പര്യാപ്‌തമാണ്‌. അഭിനവജാഹിലിയ്യത്തിന്റെ കാവല്‍ ഭടന്മാര്‍ ചോദിക്കുന്നു. '' നിങ്ങള്‍ പ്രബോധനം ചെയ്യുന്ന പ്രത്യശാസ്‌ത്രത്തിന്റെ വിശദാകരണങ്ങളെവിടെ ? അതിന്റെ പ്രയോഗവല്‍ക്കരണത്തിന്ന്‌ ഏതുതരം പഠനങ്ങളും, ചര്‍ച്ചകളും, പരിഹാരമാര്‍ഗ്ഗങ്ങളുമാണ്‌ നിങ്ങള്‍ തയ്യാര്‍ ചെയ്‌തിരിക്കുന്നത്‌ ?'' ഇസ്‌ ലാമിക വ്യവസ്ഥിതി സ്ഥാപിക്കാന്‍ ചില കര്‍മ്മശാസ്‌ത്ര നിയമങ്ങളും ഇസ്‌ലാമിക പഠനങ്ങളും ചര്‍ച്ചകളും മാത്രമേ ആവശ്യമുള്ളു എന്ന്‌ തോന്നിപ്പോകും അവരുടെ ചോദ്യങ്ങള്‍ കേട്ടാല്‍. ജനങ്ങളെല്ലാം ദൈവാധിപത്യത്തിന്ന്‌ കീഴ്‌പെട്ടിരിക്കുന്നുവെന്നും അല്ലാഹുവിന്റെ നിയമ വ്യവസ്ഥക്ക്‌ വിധേയരായിരിക്കുന്നുവെന്നും ആധൂനിക പ്രശ്‌നങ്ങളെ സംബന്ധിച്ച ഗവേഷണാഭിപ്രായങ്ങള്‍ മാത്രമേ ഇനി ആവശ്യമുള്ളുവെന്നും അവരുടെ വാദഗതികള്‍ സൂചിപ്പിക്കുന്നു. മുസ്‌ലീംകള്‍ കൂടി ഇത്തരം ചോദ്യങ്ങളും പ്രശ്‌നങ്ങളും ഉന്നയിക്കുന്നുവെന്നതാണ്‌ ഏറ്റവും പരിതാപകരം! യഥാര്‍ത്ഥത്തില്‍ ഈ ദീനിനെ ആദരിക്കുന്നവരില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരിഹാസോക്തികളാണിത്‌. ജാഹിലിയ്യത്ത്‌ ഇത്തരം വാദഗതികളുന്നയിക്കുന്നത്‌ ദൈവിക വ്യവസ്ഥിതി കയ്യൊഴിക്കാനും, മനുഷ്യരുടെമേല്‍ മനുഷ്യരുടെ ആധിപത്യം നിലനിര്‍ത്താനും മുസ്‌ ലീംകളെ ദൈവികമാര്‍ഗ്ഗത്തില്‍നിന്ന്‌ വഴിതെറ്റിക്കാനും ഇസ്‌ലാമിക പ്രസ്ഥാനം തകിടം മറിച്ച്‌ ജീവിത പ്രശ്‌നങ്ങള്‍ക്ക്‌ ഇഛാനുസൃതമായ മറ്റു പരിഹാരങ്ങള്‍ അന്വേഷിക്കാനും വല്ല കാരണങ്ങളും കണ്ടെത്താന്‍ വേണ്ടി മാത്രമാണ്‌.
ഇസ്‌ ലാമിക പ്രബോധകര്‍ ഇത്തരം കുതന്ത്രങ്ങളില്‍ കുടുങ്ങരുത്‌. അവര്‍ വഞ്ചനകള്‍ കണ്ടറിഞ്ഞ്‌ അവയെ അതിജീവിക്കണം. ഇസ്‌ലാമിന്നെതിരിലുള്ള ഉപജാപങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി അവയെക്കാളുയര്‍ന്നുനില്‍ക്കണം. അത്യദ്ധ്വാനം ചെയ്യേണ്ട രംഗത്ത്‌ കളിച്ചു നില്‍ക്കരുത്‌. വെറുതെ കര്‍മ്മശാസ്‌ത്രങ്ങള്‍ ക്രോഡീകരിച്ചതുകൊണ്ടൊന്നും കാര്യമില്ല. ദൈവത്തിന്‌ സര്‍വ്വാത്മനാകീഴ്‌പെടുകയെന്ന അടിത്തറ ശരിപ്പെടുത്തുകയാണ്‌ ആവശ്യം. വായുവില്‍ കൃഷിചെയ്യുകയെന്നത്‌ അസാദ്ധ്യമാണ്‌. അതിനാല്‍ അടിത്തറകെട്ടിപ്പൊക്കുകയാണ്‌ ആദ്യം വേണ്ടത്‌.
ഇസ്‌ ലാമിക സരണി ആദര്‍ശ വ്യവസ്ഥയില്‍ നിന്നും ഭിന്നമല്ല. അതിനാല്‍ അന്യമാര്‍ഗ്ഗങ്ങലിലൂടെ ഇസ്ലാമിനെ സംസ്ഥാപിക്കുക സാധ്യമല്ല. അനിസ്ലാമിക മാര്‍ഗ്ഗങ്ങള്‍ അനിസ്‌ ലാമിക വ്യവസ്ഥിതിയെ മാത്രമെ സ്ഥാപിക്കുകയുള്ളു.
അതിനാല്‍ ആദര്‍ശവും വ്യവസ്ഥിതിയും ദൈവികമാകേണമെന്നതുപോലെതന്നെ മാര്‍ഗ്ഗവും പ്രവര്‍ത്തനചര്യയും ഇസ്‌ലാമികമായിത്തീരേണ്ടതനിവാര്യമാണ്‌. അത്തരമൊന്നിലേക്കാണ്‌ ഖുര്‍ആന്‍ നമ്മെ നയിക്കുന്നത്‌
'' ഈ ഖുര്‍ആന്‍ ഏറ്റവും ഉത്തമമായതിലേക്ക്‌ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു' (ഖുര്‍ആന്‍).

Image: 
video-file: 
See video
See video