അദ്ധ്യായം -46- (അഹ്ഖാഫ്)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
حم
1=ഹാമീം

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
2=ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം (ഭൂമിയിലെ ഓരോ രാഷ്ട്രങ്ങളിലേയും ജനങ്ങളുടെ രാഷ്ട്രീയ നിലപാടനുസരിച്ച് അവര്‍ക്ക് തരപ്പെട്ട ഭരണാധികാരികളെ നിശ്ചയിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ) പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

مَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُّسَمًّى وَالَّذِينَ كَفَرُوا عَمَّا أُنذِرُوا مُعْرِضُونَ
3=ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത്‌ സത്യത്തോ ട് കൂടിയും ,           (പ്രപഞ്ചത്തിന്‍റെ ശരിയായനിലനില്‍പും നാശവും ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള) നിര്‍ണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. - 

അല്ലാഹുവിെൻറ വ്യവസ്ഥിതിയെ- നിഷേധിച്ചവരാകട്ടെ തങ്ങള്‍ക്ക്‌ - ഈ-താക്കീത്‌ നല്‍കപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

قُلْ أَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ اِئْتُونِي بِكِتَابٍ مِّن قَبْلِ هَذَا أَوْ أَثَارَةٍ مِّنْ عِلْمٍ إِن كُنتُمْ صَادِقِينَ
4=( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റി( ആവശ്യങ്ങള്‍ നിര്‍വഹിച്ചു കിട്ടേണ്ടതിനായി നിങ്ങള്‍ സമീച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ - അധികാരികളേയും, ആരാധ്യരേയും കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക്‌ കൊണ്ടു വന്നു തരൂ.

وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَى يَومِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ
5=അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ വിളിയെപ്പറ്റി (അവരുടെ ജീവിതാവശ്യത്തേയും പ്രാര്‍ത്ഥനയേയും കുറിച്ച്) ബോധമില്ലാത്തവരാകുന്നു.

وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاء وَكَانُوا بِعِبَادَتِهِمْ كَافِرِينَ
6=മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവര്‍ക്ക് (അല്ലാഹുവിന്റെ വ്യവസ്ഥിതിക്കെതിരായി ) കീഴ്പ്പെട്ടിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءهُمْ هَذَا سِحْرٌ مُّبِينٌ
7=സുവ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യം തങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ അതിനെപ്പറ്റി ആ സത്യനിഷേധികള്‍ പറയും; ഇത്‌ വ്യക്തമായ ഒരു മായാജാലമാണെന്ന്‌.

أَمْ يَقُولُونَ افْتَرَاهُ قُلْ إِنِ افْتَرَيْتُهُ فَلَا تَمْلِكُونَ لِي مِنَ اللَّهِ شَيْئًا هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ كَفَى بِهِ شَهِيدًا بَيْنِي وَبَيْنَكُمْ وَهُوَ الْغَفُورُ الرَّحِيمُ
8=അതല്ല, അദ്ദേഹം ( റസൂല്‍ ) അത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത്‌ കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക്‌ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. അതിന്‍റെ ( ഖുര്‍ആന്‍റെ ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌

قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
9=( നബിയേ, ) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.

قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَى مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
10=( നബിയേ, ) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ ( ഖുര്‍ആന്‍ ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട്‌ നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന്‌ ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ ( ഇതില്‍ ) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കില്‍ ( നിങ്ങളുടെ നില എത്ര മോശമായിരിക്കും? ) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَذَا إِفْكٌ قَدِيمٌ
11=(അല്ലാഹുവിന്റെ രാഷ്ട്രീയവ്യവസ്ഥിതിയില്‍)വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ്‌ ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതു മുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട്‌ അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌.

وَمِن قَبْلِهِ كِتَابُ مُوسَى إِمَامًا وَرَحْمَةً وَهَذَا كِتَابٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ الَّذِينَ ظَلَمُوا وَبُشْرَى لِلْمُحْسِنِينَ
12=മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ്‌ മൂസായുടെ വേദം വന്നിട്ടുണ്ട്‌. ഇത്‌ ( അതിനെ ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക്‌ സന്തോഷവാര്‍ത്ത ആയിക്കൊണ്ടും.

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
13=ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുകയും പിന്നീട്‌ ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

أُوْلَئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاء بِمَا كَانُوا يَعْمَلُونَ
14=അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا حَتَّى إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ
15=തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത്‌ വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക്‌ നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ (നിന്‍റ രാഷ്ട്രീയ വ്യവസ്ഥിതിക്ക്)കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

 

أُوْلَئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ
16=അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത്‌ നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌.

وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتْ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَذَا إِلَّا أَسَاطِيرُ الْأَوَّلِينَ
17=ഒരാള്‍- തന്‍റെ മാതാപിതാക്കളോട്‌ അവന്‍ പറഞ്ഞു: ഛെ, നിങ്ങള്‍ക്ക്‌ കഷ്ടം! ഞാന്‍ (മരണാനന്തരം) പുറത്ത്‌ കൊണ്ടവരപ്പെടും എന്ന്‌ നിങ്ങള്‍ രണ്ടുപേരും എന്നോട്‌ വാഗ്ദാനം ചെയ്യുകയാണോ? എനിക്ക്‌ മുമ്പ്‌ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട്‌ സഹായം തേടിക്കൊണ്ട്‌ പറയുന്നു: നിനക്ക്‌ നാശം. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.

أُوْلَئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ إِنَّهُمْ كَانُوا خَاسِرِينَ
18=അത്തരക്കാരുടെ കാര്യത്തിലാകുന്നു ( ശിക്ഷയുടെ ) വചനം സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നത്‌. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തില്‍. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരാകുന്നു.

وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ
19=ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ക്ക്‌ ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
20=സത്യ-വ്യവസ്ഥിതിയെ-നിഷേധിച്ചവര്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം ( അവരോട്‌ പറയപ്പെടും: ) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട്‌ സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക്‌ അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.

وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتْ النُّذُرُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
21=ആദിന്‍റെ സഹോദരനെ ( അഥവാ ഹൂദിനെ ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക്‌ അദ്ദേഹം താക്കീത്‌ നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവിന്നല്ലാതെ(ദൈവീക വ്യവസ്ഥിതിക്കല്ലാതെ) നിങ്ങള്‍ കീഴ്പെടരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. ( എന്നാണ്‌ അദ്ദേഹം താക്കീത്‌ നല്‍കിയത്‌. )

قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ
22=അവര്‍ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്‌ ഞങ്ങളെ തിരിച്ചുവിടാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത്‌ നല്‍കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ.

قَالَ إِنَّمَا الْعِلْمُ عِندَ اللَّهِ وَأُبَلِّغُكُم مَّا أُرْسِلْتُ بِهِ وَلَكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ
23=അദ്ദേഹം പറഞ്ഞു: ( അതിനെപ്പറ്റിയുള്ള ) അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതരുന്നു. എന്നാല്‍ നിങ്ങളെ ഞാന്‍ കാണുന്നത്‌ അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്‌.

فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُّمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُم بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ
24=അങ്ങനെ അതിനെ ( ശിക്ഷയെ ) തങ്ങളുടെ താഴ്‌വരകള്‍ക്ക്‌ അഭിമുഖമായിക്കൊണ്ട്‌ വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക്‌ മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന്‌ ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌.

تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَى إِلَّا مَسَاكِنُهُمْ كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ
25=അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത്‌ നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ്‌ കുറ്റവാളികളായ ജനങ്ങള്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَى عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون
26=നിങ്ങള്‍ക്ക്‌ നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക്‌ യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത്‌ അവരില്‍ വന്നുഭവിക്കുകയും ചെയ്തു.

وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ الْقُرَى وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ
27=നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു.

فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ قُرْبَانًا آلِهَةً بَلْ ضَلُّوا عَنْهُمْ وَذَلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ
28=അല്ലാഹുവിന്‌ പുറമെ (അവനിലേക്ക്‌) സാമീപ്യം കിട്ടുവാനായി അവര്‍ ദൈവങ്ങളായി സ്വീകരിച്ചവര്‍ അപ്പോള്‍ എന്തുകൊണ്ട്‌ അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട്‌ അവര്‍ ( ദൈവങ്ങള്‍ ) അപ്രത്യക്ഷരായി. അത്‌ ( ബഹുദൈവവാദം ) അവരുടെ വകയായുള്ള വ്യാജവും, അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.

وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا فَلَمَّا قُضِيَ وَلَّوْا إِلَى قَوْمِهِم مُّنذِرِينَ
29=ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക്‌ ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) അങ്ങനെ അവര്‍ അതിന്‌ സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത്‌ കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക്‌ താക്കീതുകാരായിക്കൊണ്ട്‌ തിരിച്ചുപോയി.

قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَى مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَى طَرِيقٍ مُّسْتَقِيمٍ
30=അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക്‌ ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന്‌ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത്‌ വഴി കാട്ടുന്നു.

 

يَا قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ
31=ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക്‌(ദൈവീക വ്യവസ്ഥിതിയിലേക്ക്) വിളിക്കുന്ന ആള്‍ക്ക്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. (അക്കാരണം കൊണ്ട്തന്നെ)അവന്‍ (ദൈവം)നിങ്ങള്‍ക്ക്‌ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നതാണ്‌.

وَمَن لَّا يُجِبْ دَاعِيَ اللَّهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَولِيَاء أُوْلَئِكَ فِي ضَلَالٍ مُّبِينٍ
32=അല്ലാഹുവിങ്കലേക്ക്‌(ദൈവീക വ്യവസ്ഥിതിയിലേക്ക്) വിളിക്കുന്ന ആള്‍ക്ക്‌ വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ ( സത്യപ്രബോധകരെ) ) അവന്ന്‌ തോല്‍പിക്കാനാവില്ല. അല്ലാഹുവിന്‌ പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.

أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى بَلَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ
33=ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട്‌ ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന്‌ അവര്‍ക്ക്‌ കണ്ടുകൂടെ? അതെ; തീര്‍ച്ചയായും അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَذَا بِالْحَقِّ قَالُوا بَلَى وَرَبِّنَا قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ
34=സത്യ വ്യവസ്ഥിതിയെ നിഷേധിച്ചവര്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. ( അവരോട്‌ ചോദിക്കപ്പെടും; ) ഇതു(ഭൂമിയില്‍ വെച്ച് സുവാര്‍ത്തയും താക്കീതും നല്‍കിയത്) സത്യം തന്നെയല്ലേ എന്ന്‌. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ (സത്യദീനില്‍)അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക.

فَاصْبِرْ كَمَا صَبَرَ أُوْلُوا الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ بَلَاغٌ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ
35=ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത്‌ പോലെ നീ ക്ഷമിക്കുക. അവരുടെ ( സത്യനിഷേധികളുടെ ) കാര്യത്തിന്‌ നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്നത്‌ ( ശിക്ഷ ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ ( ഇഹലോകത്ത്‌ ) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?